വീട്ടമ്മയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തി മദ്യപന്‍; പത്തനംതിട്ടയില്‍ 62 കാരിക്ക് ദാരുണാന്ത്യം

Jaihind Webdesk
Tuesday, May 3, 2022

 

പത്തനംതിട്ട: വീട്ടുമുറ്റത്ത് നിന്ന വീട്ടമ്മയെ മദ്യപൻ കുത്തിക്കൊന്നു. കുന്നന്താനം പാമലയിൽ ഇന്ദിരാമ്മ എന്ന അറുപത്തിരണ്ടുകാരിയാണ് ബിയർ കുപ്പിയുടെ ചില്ല് കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് തുണി നനച്ചുകൊണ്ട് നിന്നിരുന്ന ഇന്ദിരാമ്മയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അയ്യപ്പൻ എന്നയാൾ വീട്ടമുറ്റത്ത് അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അയ്യപ്പൻ പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനാനാണെന്ന് നാട്ടുകാർ പറയുന്നു.

അയ്യപ്പൻ മറ്റ് ഏതാനും പേരുമായി സംഘർഷമുണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ട് നിന്ന ഇന്ദിരാമ്മയെ കണ്ടത്. തുടർന്ന് ഇന്ദിരാമ്മയുമായും വാക്കേറ്റമുണ്ടാക്കിയ പ്രതി വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറുകയും കൈയിലിരുന്ന ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൂർത്ത ഭാഗം കൊണ്ട് ഇന്ദിരാമ്മയെ കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയുടെ ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി.