ഏറ്റുമാനൂരില്‍ 7 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Jaihind Webdesk
Tuesday, October 4, 2022

കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തില്‍ ഏഴ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ രാവിലെ ചത്തിരുന്നു. തുടര്‍ന്ന് മൃതദേഹം തിരുവല്ലയിലെ ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടോടെ പരിശോധനാഫലം നഗരസഭാ അധികൃതര്‍ക്ക് ലഭ്യമായി.

സെപ്റ്റംബര്‍ 28ന് വൈകിട്ട് 4 മണിയോടെയായിരുന്നു നായയുടെ ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ച നായയെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടി കൂട്ടിലടയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ കൂടാതെ ലോട്ടറി വിതരണക്കാരനും ബസ് കാത്തുനിന്ന യാത്രക്കാരിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. എം.സി റോഡില്‍ പടിഞ്ഞാറേ നടയിലെ ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് സമീപത്തുനിന്നാണ് നായയെ പിടികൂടിയത്. നായുടെ കഴുത്തില്‍ ബെല്‍റ്റ് കാണപ്പെട്ടതിനാല്‍ വളര്‍ത്തുനായാണെന്ന അനുമാനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ആരും നായുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് രംഗത്ത് വന്നില്ല.