അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ കരക്കാര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിന്റെ ഭാഗമായി തമ്മില്‍ ഏറ്റുമുട്ടിയത് വിദ്യാര്‍ത്ഥികള്‍. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് സ്‌കൂള്‍ കുട്ടികള്‍ ഏറ്റുമുട്ടിയത്. 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ മൂക്കിന് പരിക്കുണ്ട്. ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു.
അമ്പലപ്പുഴയിലെ വളപ്പ്-കാപ്പ കരക്കാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള കുടിപ്പകയുണ്ട്. പായല്‍ കുളങ്ങര , അമ്പലപ്പുഴ ക്ഷേത്ര ഉത്സവങ്ങളിലാണ് പലപ്പോഴും ഇത് സംഘര്‍ഷത്തിലെത്തുക. എന്നാല്‍ ഇത്തവണ ഏറ്റുമുട്ടിയത് പുതിയ തലമുറയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അടിച്ചു തീര്‍ക്കാന്‍ ആയിരുന്നേ്രത മുതിര്‍ന്നവരുടെ നിര്‍ദ്ദേശം.
കുട്ടികള്‍ ഏറ്റുമുട്ടിയതും മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍.. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും കരക്കാരിലെ മുതിര്‍ന്നവര്‍ തന്നെ.
പായല്‍ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അമ്പലപ്പുഴയിലേത് . പായല്‍ കുളങ്ങരയില്‍ സംഘര്‍ഷം ഉണ്ടായ ദിവസം ക്ഷേത്രം ഭാരവാഹികള്‍ പോലീസിനെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചത് വിലക്കി എന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് അമ്പലപ്പുഴ പോലീസ് അറിയിക്കുന്നത്. പരിക്കുകളോടെ ആരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് പോലീസ് ജുവൈനൈല്‍ ബോര്‍ഡിന് കൈമാറണം എന്നാണ് നിയമം