മലപ്പുറത്ത് ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാനെത്തിയ ഭിന്നശേഷിക്കാരന് ക്രൂര മർദ്ദനം

Jaihind Webdesk
Sunday, July 7, 2024

 

മലപ്പുറം: എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. മലപ്പുറം എടക്കരയിലാണ് സംഭവം. ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ കയറിയ വീട്ടുകാരാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. പരുക്കേറ്റ ജിബിൻ (24) നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

എടക്കരയിൽ നിന്നും വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടർന്ന് ജിബിൻ ചാര്‍ജ് ചെയ്യാൻ ഒരു വീട്ടില്‍ കയറി. ഇതിന്‍റെ പേരിലാണ് വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ജിബിന്‍റെ പിതാവ് അലവിക്കുട്ടി ആരോപിച്ചു. വീടും മര്‍ദ്ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. ജിബിൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരമായ മർദ്ദനം.

സംഭവത്തില്‍ എടക്കര പൊലീസില്‍ ജിബിന്‍റെ പിതാവ് പരാതി നല്‍കി. ചുങ്കത്തറ സ്പെഷ്യല്‍ സ്കൂളില്‍ നാലാം ക്ലാസിലാണ് ജിബിൻ പഠിക്കുന്നത്. മര്‍ദ്ദനത്തില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ജിബിൻ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.