പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ലഭിച്ച ഫിലിപ് കോട്‌ലർ പുരസ്‌കാരത്തിന്‍റെ കൂടുതൽ രഹസ്യങ്ങൾ ചുരുളഴിയുന്നു. കേട്ടുകേൾവി പോലുമില്ലാത്ത അലിഗഢ് കേന്ദ്രമായ സസ്‌ലെൻസ് റിസർച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫ്രാഞ്ചൈസിയായ വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് ഇന്ത്യയിലൂടെയാണ് പുരസ്‌കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഈ പുരസ്‌കാരത്തിന്റെ മാനദണ്ഡം, ഇതിന് മോദി അർഹനായത് എങ്ങനെ, പുരസ്‌കാരം സമ്മാനിച്ച കമ്പനി ഏത്? അതിന്റെ വിശ്വാസ്യത… ഇങ്ങനെ പുരസ്‌കാരത്തിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾ നിരവധിയാണ്. ഏതായാലും പുരസ്‌കാരത്തിന്റെ കൂടുതൽ വിശദാംശങ്ങളാണ് ‘ദ വയർ’ നടത്തിയ അന്വേഷണത്തിലൂടെ ഇപ്പോൾ വെളിപ്പെടുന്നത്.
സസ്‌ലെൻസ് റിസർച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് ഇന്ത്യയുടെയും സ്ഥാപകർ സൗദി അറേബ്യ കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സൗദി ഗവൺമെന്‍റിന് കീഴിലെ പെട്രോകെമിക്കൽ സ്ഥാപനമായ സാബിക്കിലെ ഉദ്യോഗസ്ഥനായ തൗസീഫ് സിയ സിദ്ദിഖിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
വാർത്തയെ തുടർന്ന് വെബ്‌സൈറ്റുകൾ അടച്ചുപൂട്ടി
പ്രധാനമന്ത്രിയുടെ അവാർഡ് വിവാദമായതിന് തൊട്ടുപിന്നാലെ സസ്‌ലെൻസിന്‍റെയും ലോക വ്യാപാര ഉച്ചകോടിയുടെയും വെബ്‌സൈറ്റ് അടച്ചുപൂട്ടിയതും ദുരൂഹമാണ്. വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റിന്‍റെ ട്വിറ്റർ അക്കൗണ്ടും ഇപ്പോൾ ലഭ്യമല്ല. ഇതും അവാർഡിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു.
സസ്‌ലെൻസ് കമ്പനിയുടെ ഉദയം
2017ൽ സൗദി സർക്കാർ നിയന്ത്രണത്തിലുള്ള സാബിക്കിൽ ഉദ്യോഗസ്ഥനായിരിക്കുന്നതിനിടെയാണ് തൗസീഫ് സിയ സിദ്ദിഖി സസ്‌ലെൻസ് കമ്പനി ആരംഭിക്കുന്നത്. 2017 സെപ്റ്റംബർ 17നാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോകവ്യാപാര ഉച്ചകോടി ഇന്ത്യയിൽ നടത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് അലിഗഢിലാണ്. എന്നാൽ ഈ അലിഗഢ് അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ജൂറിയിലും ദുരൂഹത; അവാർഡ് നിർണയം ജൂറി അറിയാതെ
കോട്‌ലർ മാർക്കറ്റിംഗ് എക്‌സലൻസി പുരസ്‌കാരങ്ങൾക്കായി ഒരു അവാർഡ് ജൂറിയെ നിർണിയിച്ചിരുന്നു. എന്നാൽ പുരസ്‌കാരങ്ങൾ നൽകിയതെല്ലാം ബാബാ രാംദേവിന്‍റെ പതഞ്ജലി, ഗെയിൽ (GAIL), വിറ്റിഫീഡ് വെബ്‌സൈറ്റ് എന്നിവരുൾപ്പെടെയുള്ള വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റിന്‍റെ (WMS) സ്‌പോൺസർമാർക്കും പങ്കാളികൾക്കുമായിരുന്നു. എന്നാൽ ആർക്കൊക്കെയാണ് പുരസ്‌കാരങ്ങൾ എന്നതിനെക്കുറിച്ച് തങ്ങൾ അറിഞ്ഞിട്ടുപോലുമില്ലെന്ന് അവാർഡ് കമ്മിറ്റിയിലുള്ളവർ വ്യക്തമാക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് കൺസൺട്ടന്‍റ്സിലെ വാൾട്ടർ വിയെറ, കസ്റ്റമർ വാല്യു ഫൗണ്ടേഷൻ ഇന്ത്യയിലെ ഗൗതം മഹാജൻ എന്നിവരെ അവാർഡ് നിർണയ ജൂറിയിലെ അംഗങ്ങളായി നിയമിച്ചിരുന്നു. എന്നാൽ തങ്ങൾ അവാർഡ് നിർണയത്തിന്‍റെ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നും അതെല്ലാം കമ്പനി തന്നെയാണ് തീരുമാനിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. ഇത് പുരസ്‌കാരത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവർ പറയുന്നു.
തൗസീഫ് സിയ സിദ്ദിഖിയെ ‘ദ വയർ’ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. സിദ്ദിഖിയുടെ ഇന്ത്യയിലെ സ്ഥാപനത്തെ സംബന്ധിട്ടും ഫിലിപ് കോട്‌ലർ പുരസ്‌കാരത്തെക്കുറിച്ചും സാബിക്കിന്‍റെ (SABIC) പ്രതികരണവും ആരാഞ്ഞിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
സാബിക്കിന്‍റെ (SABIC) ഇന്ത്യയിലെ സാന്നിധ്യം
1934-35 കാലഘട്ടം മുതൽതന്നെ സാബിക് ഇന്ത്യയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിൽ നിർമാണ യൂണിറ്റ് ആരംഭിച്ചുകൊണ്ടാണ് സാബിക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. പെട്രോ-കെമിക്കൽ രംഗത്ത് ഇന്ത്യയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കമ്പനി വിപുലീകരിക്കാൻ ലക്ഷ്യമിട്ടായിരുന്നു തുടക്കം. ഇതിന്റെ ഭാഗമായി 2018 ഒക്‌ടോബറിൽ മുംബൈയിൽ കേന്ദ്ര രാസവള മന്ത്രാലയവും ഫിക്കിയും(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രീസ്) ചേർന്ന് ഇന്ത്യൻ എനർജി ഫോം 2018 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽപ്പെട്ട ഇന്ത്യ കെം എക്‌സിബിഷനിൽ പങ്കെടുക്കാൻ സാബിക്കിന്റെ സി.ഇ.ഒ എത്തിയിരുന്നു. ഫിക്കിയുടെ പെട്രോകെമിക്കൽ വ്യവസായിക സമിതിയുടെ കോ-ചെയർമാനായ ജനാർദനൻ രാമാനുജാലു തന്നെയാണ് സാബിക്കിന്റെ വൈസ് പ്രസിഡന്‍റ്, സൗത്ത് ഏഷ്യാ റീജണൽ ഹെഡ് പദവികളിലുമുള്ളതെന്നതും ഏറെ ശ്രദ്ധേയമാണ്. ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അന്ന് പെട്രോകെമിക്കൽ രംഗത്ത് സാബിക്കിനെ സർക്കാരിന്റെ പങ്കാളിയാക്കുന്നതിൽ സന്തോഷമാണെന്നും പെട്രോ കെമിക്കൽ രംഗത്തെ അവരുടെ രാജ്യാന്തര പരിചയം ഉപയോഗപ്പെടുത്തി രാജ്യാന്തര നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി ഇന്ത്യയിലെ പെട്രോകെമിക്കൽ രംഗത്ത് ശക്തമായ ആവാസ വ്യവസ്ഥ കെടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ ചില കമ്പനികളുടെ ഏറ്റെടുക്കലിന് സാബിക്ക് അവസരങ്ങൾ കാത്തിരിക്കുകയാണെന്ന് ഗഡ്കരി ഒരു ദേശീയ മാധ്യമത്തോടും വെളിപ്പെടുത്തിയിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ സൗദി അറേബ്യൻ ഊർജ മന്ത്രി ഖാലിദ് അൽ ഫലീഹ് പെട്രോകെമിക്കൽ രംഗത്തടക്കം സാബിക്കിന്റെ നിക്ഷേപ താൽപര്യം ആവർത്തിച്ചുറപ്പിച്ചിരുന്നു.
രാജ്യത്തെ പെട്രോളിയം സ്ഥാപനമായ ഒ.എൻ.ജി.സിക്കും ഗെയിലിനും സംയുക്ത പങ്കാളിത്തമുള്ള ഒപാലിൽ (ഒ.എൻ.ജി.സി പെട്രോ അഡീഷൻസ് ലിമിറ്റഡ്) 4.3 ബില്യൺ ഡോളർ മുതൽമുടക്കിൽ 50 ശതമാനം ഓഹരികൾ വാങ്ങുകയെന്നതായിരുന്നു സാബിക്കിന്റെ പദ്ധതി. അതിന്റെ അടിസ്ഥാനത്തിൽ തൗസീഫ് സിയ സിദ്ദിഖിയുടെ ഡബ്ല്യു.എം.എസും ഓപാലിന്റെ സംയുക്ത സ്‌പോൺസറുമാരിൽ ഒന്നായി. ഇന്ത്യ- കെം എക്‌സിബിഷൻ നടന്ന് പത്ത് ദിവസങ്ങൾ കഴിയും മുമ്പ് സൗദി അറേബ്യൻ ഊർജ മന്ത്രി ഖാലിദ് അൽ ഫലീഹ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനയെും സന്ദർശിച്ച് പെട്രോകെമിക്കൽ രംഗത്ത് നിക്ഷേപത്തിന് അനുകൂല നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ 2018 നവംബർ 30ന് അർജന്‍റീനയിലെ ബ്യൂണസ് അയേഴ്‌സിൽ നടന്ന ജി 20 ഉച്ചകോടിക്ക് എത്തിയ മോദി ഇന്ത്യയുടെ ഊർജ സുരക്ഷയും സൗദിയുടെ നിക്ഷേപസാധ്യതയും സംബന്ധിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ചകൾ നടത്തിയിരുന്നു.
ഇതിനിടെയാണ് സാബിക്കിലെ ഉദ്യോഗസ്ഥനായ തൗസീഫ് സിയ സിദ്ദിഖിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവാർഡ് നൽകാൻ സസ്‌ലെൻസ് റിസർച്ച് ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന തട്ടിക്കൂട്ട് സംവിധാനം രൂപപ്പെടുത്തിയെന്നതും സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.