ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ; ശൈത്യകാല സമ്മേളനത്തില്‍ ബില്‍

Jaihind Webdesk
Wednesday, September 18, 2024

 

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോര്‍ട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചത്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്‍റെ വാദം.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ ഭരണഘടനാ ഭേദഗതികള്‍ക്കാവശ്യമായ അംഗബലം ലോക്‌സഭയിലോ രാജ്യസഭയിലോ നരേന്ദ്ര മോദിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി.

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്.