പത്തനംതിട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Jaihind Webdesk
Monday, September 5, 2022

 

പത്തനംതിട്ട: തെരുവ് നായയുടെ അക്രമത്തിൽ ഗുരുതരമായ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു മരണം. മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സിൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

രണ്ട് ആഴ്ച മുമ്പാണ് പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയെ പട്ടി കടിച്ചത്.പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴ് ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.