KSU| വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം ; പൊലീസ് മേധാവിക്ക് പരാതി നല്‍കി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

Jaihind News Bureau
Tuesday, October 21, 2025

 

ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെയും മാതാപിതാക്കളോടുമുള്ളവരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരേണ്ട യോഗം സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസില്‍ ചേരുകയും പ്രസ്തുത യോഗത്തില്‍ വിദ്യാര്‍ത്ഥികളോട് ‘വേണേല്‍ പഠിച്ചാല്‍ മതി, കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം” എന്നും വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് ”എന്നെപ്പറ്റി ശരിക്കും അറിയാമോ?” എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത് എന്ന് പരാതിയില്‍ പറയുന്നു

കോളേജ് പ്രിന്‍സിപ്പല്‍, 2 അധ്യാപകര്‍, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, 5 വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരാണ് ഇടുക്കി ചെറുതോണിയിലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വിദ്യാര്‍ത്ഥികള്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും മൊഴിയെടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്നും,വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചുവന്ന കൊടി കുത്തി സ്ഥാപനങ്ങള്‍ പൂട്ടിച്ചു ശീലമുള്ള സി വി വര്‍ഗീസിന്റെ പിതൃസ്വത്തല്ല ഇടുക്കി ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് എന്ന കെഎസ്യു സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു.

വേണേല്‍ പഠിച്ചാല്‍ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം” എന്ന പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണ്. ‘ സിപിഎം പാര്‍ട്ടിയാണ് പരമാധികാരി’ എന്ന തെറ്റിദ്ധാരണ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് വേണ്ട. ജനങ്ങളാണ് ജനാധിപത്യ സംവിധാനത്തില്‍ യഥാര്‍ത്ഥ അധികാരികള്‍.ഇത് കാരണഭൂതന്റെ അനുയായികള്‍ മറന്നു പോകരുത്. വിഷയത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മാപ്പ് പറയണം.

വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് ”എന്നെപ്പറ്റി ശരിക്കും അറിയാമോ?” എന്ന സി.വി വര്‍ഗ്ഗീസിന്റെ മറുപടി ഭയപ്പെടുത്തി കീഴ്‌പെടുത്താം എന്ന ശൈലിയുടെ ഭാഗമാണ്. വിഷയത്തില്‍ ജനകീയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.