കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുത്തില്ല; ശ്രീലേഖക്കെതിരെ കേസെടുക്കണം: പോലീസില്‍ പരാതി നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തക

Jaihind Webdesk
Monday, July 11, 2022

തൃശൂര്‍: മുൻ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് ആര്‍ ശ്രീലേഖ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കൃത്യ നിര്‍വഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി തൃശൂർ റൂറൽ പോലീസ് മേധാവിക്ക് കുസുമം ജോസഫ് പരാതി നല്‍കിയത്.

പള്‍സര്‍ സുനി നിരവധി സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കുസുമം ജോസഫ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പരാതിയില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തെ സംബന്ധിച്ച് അറിഞ്ഞിട്ടും വനിതാ പോലീസ് ഓഫീസര്‍ നടപടിയെടുത്തില്ല എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. കുറ്റകൃത്യം നടന്നിട്ട് കേസ് എടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റ്.  ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ആര്‍ ശ്രീലേഖക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ കുസുമം ജോസഫ് ആവശ്യപ്പെട്ടു.