കരമനയില്‍ യുവാവിനെ മര്‍ദ്ദിച്ച കേസ് ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്

Jaihind Webdesk
Saturday, November 12, 2022

തിരുവനന്തപുരം :നിറമണ്‍കരയില്‍ കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ   ക്രൂരമായിമര്‍ദിച്ച പ്രതികളെ നാല് ദിവസമായിട്ടും പോലിസിനു പിടികൂടാനായിട്ടില്ല. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു പ്രദീപിനെ ബൈക്ക് യാത്രക്കാരായ കുഞ്ചാലുംമൂട് സ്വദേശികള്‍,  അഷ്കറും അനീഷും  മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.  അഷ്ക്കർ, അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസിനു ഇനിയും ഇവരെ പിടികൂടാനായിട്ടില്ല.

അതേസമയം  പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിയെ കുറിച്ച് അന്വേഷിച്ച പ്രദീപിന്‍റെ  സഹോദരിക്ക് ലഭിച്ചത് വ്യക്തതയില്ലാത്ത മറുപടികളാണ്. പരാതിയെക്കുറിച്ച് സ്റ്റേഷനിൽ ചോദിച്ചപ്പോൾ കേസെടുത്ത ഉദ്യോഗസ്ഥന് മാത്രമേ അറിയൂവെന്നായിരുന്നു മറുപടി. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിവ് പോലുമില്ലെന്ന രീതിയിൽ മറുപടി കിട്ടിയത്. ക്രൈം നമ്പർ ചോദിച്ചപ്പോൾ നോക്കിയിട്ട് പറയാം എന്ന ഒഴുക്കൻ മറുപടിയാണ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം മ‍ദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്എച്ച്ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. സിസിടിവി ദൃശ്യങ്ങൾ സഹിതം സംഭവം വാർത്തയായതിന് പിന്നാലെ ഇന്നലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.