സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസ്; പോലീസിനെതിരെ യുദ്ധപ്രഖ്യാപനവുമായി സിപിഎം

കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിൽ പോലീസിനെതിരെ സിപിഎം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിനെതിരായ യുദ്ധപ്രഖ്യാപനം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും പോലീസ് വേട്ടയാടുകയാണെന്നും ഇത് തുടർന്നാൽ  പ്രതിരോധിക്കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സർക്കാരിന്‍റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ് ചില പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ ആവശ്യം. സിപിഎമ്മിനെയും എൽഡിഎഫ് സർക്കാരിനെയും പൊതുമധ്യത്തിൽ കരിവാരിത്തേക്കാനുള്ള ശ്രമമാണ് പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി മോഹനന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതിനിടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള അഞ്ചുപേരെ കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍, മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി എം.കെ അശ്വിന്‍, പ്രസിഡന്‍റ് പി.കെ.എം മുഹമ്മദ് ഷബീര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ രാജേഷ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എം സജിന്‍ എന്നിവരെയാണ് കോഴിക്കോട് ഏഴാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടുദിവസമാണ് അനുവദിച്ചത്. അതേസമയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.

Comments (0)
Add Comment