Butterfly-shaped hole in Sun| സൂര്യനില്‍ 5 ലക്ഷം കിലോമീറ്റര്‍ വീതിയില്‍ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ദ്വാരം; ഭൂമിയിലേക്ക് സൗരവാതം എത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

Jaihind News Bureau
Sunday, September 14, 2025

സൂര്യന്റെ ഉപരിതലത്തില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഒരു ഭീമാകാരന്‍ കൊറോണല്‍ ദ്വാരം കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഈ ദ്വാരം വഴി അതിശക്തമായ സൗരവാതങ്ങള്‍ ഭൂമിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഈ സൗരവാതങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രതിപ്രവര്‍ത്തിച്ച് ചെറിയ തോതിലുള്ള ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റുകള്‍ക്ക് കാരണമാകുമെന്നും, ഇത് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പ്രകാശ വിസ്മയങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഗവേഷകര്‍ പറയുന്നു.

എന്താണ് കൊറോണല്‍ ദ്വാരം?

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറംഭാഗമായ കൊറോണയിലെ താപനിലയും സാന്ദ്രതയും കുറഞ്ഞ ഭാഗങ്ങളാണ് കൊറോണല്‍ ദ്വാരങ്ങള്‍. സാധാരണയായി അടഞ്ഞ കാന്തിക മണ്ഡലങ്ങളുള്ള മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ദ്വാരങ്ങളില്‍ കാന്തിക മണ്ഡലങ്ങള്‍ തുറന്ന അവസ്ഥയിലായിരിക്കും. അതിനാല്‍, ചാര്‍ജ് ചെയ്ത കണികകള്‍ക്ക് വളരെ ഉയര്‍ന്ന വേഗതയില്‍ ബഹിരാകാശത്തേക്ക് പുറത്തുവരാന്‍ ഇത് വഴിയൊരുക്കുന്നു. ഈ കണികകളുടെ ഒഴുക്കിനെയാണ് സൗരവാതങ്ങള്‍ എന്ന് വിളിക്കുന്നത്. സൗരവാതങ്ങള്‍ ഭൂമിയുടെ ദിശയിലേക്കെത്തുമ്പോള്‍, അത് നമ്മുടെ കാന്തികമണ്ഡലത്തെയും അന്തരീക്ഷത്തെയും സ്വാധീനിക്കുന്നു.

പത്യാഘാതങ്ങള്‍ എന്തൊക്കെ?

സൗരവാതങ്ങള്‍ ഭൂമിയില്‍ എത്തുന്നത് പ്രധാനമായും ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റുകളായിട്ടാണ്. ഇത് പലപ്പോഴും ദോഷകരമല്ലാത്ത പ്രതിഭാസങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഉദാഹരണത്തിന്, ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലുമുള്ള വര്‍ണ്ണപ്രകാശങ്ങളായ അറോറ ബൊറിയാലിസും അറോറ ഓസ്ട്രേലിസും ഇതിന്റെ ഫലമാണ്. സൗരവാതത്തിലെ കണികകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ പ്രകാശ പ്രതിഭാസം.

അതേസമയം, തീവ്രമായ സൗരവാതങ്ങള്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും, ജിപിഎസ് നാവിഗേഷന്‍ സിസ്റ്റങ്ങളെയും ആശയവിനിമയ ശൃംഖലകളെയും ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഈ ദ്വാരം കാരണം ഉണ്ടാകുന്ന സൗരവാതം വലിയ രീതിയിലുള്ള ഭീഷണികള്‍ക്ക് സാധ്യതയില്ലെന്നും, ഒരു സാധാരണ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.