കണ്ടാലൊരു പുസ്തകം, തുറന്നപ്പോള്‍ കഞ്ചാവ്; സിനിമാ സംഘം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

Jaihind News Bureau
Thursday, April 10, 2025

 

പുറമെ നോക്കിയാല്‍ ഒരു പുസ്തകം. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ 16 ഗ്രാം കഞ്ചാവ്. തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് വിചിത്രമായ രീതിയില്‍ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ഫൈറ്റിംഗ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേള്‍’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിേശാധന നടന്നത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ഒരു ഏജന്റ് കഞ്ചാവ് എത്തിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം എത്തിയത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫൈറ്റ് മാസ്റ്ററുടെ മുറി കേന്ദ്രീകരിച്ചായിരുന്നു സംഘം എത്തിയത്. ആദ്യം പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മുറിയില്‍ ആകെ ഒരു ബുക്കും ഡിഷ്ണറിയുമാണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ എക്‌സൈസ് സംഘം എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് പുസ്തകമല്ല എന്ന്. തുറന്നു നോക്കിയപ്പോള്‍ താക്കോലോട് കൂടി ഒരു പാത്രം. അതിനുള്ളിലാണ് 16 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിനിമാ സെറ്റുകളെയും ഹോസ്റ്റലുകളെയും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ലഹരികള്‍ പിടികൂടുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമാണ്.