കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. 24 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമാണ് ചരിഞ്ഞ് വീണത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ മധ്യഭാഗത്ത് ബീം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏകദേശം 20 മീറ്ററോളം ഭാഗം പുഴയില്‍ തകര്‍ന്നു കിടക്കുന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ 20 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2023 ജൂലൈ 31-ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലത്തിന് 262 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുണ്ട്. 18 മാസമായിരുന്നു നിര്‍മ്മാണ കാലാവധി. നിലവില്‍ കടത്തുതോണി ഉപയോഗിച്ചാണ് ജനങ്ങള്‍ തോരായി കടവ് കടക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്കും വലിയ ഉണര്‍വുണ്ടാകും. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ പാലം സഹായകമാകും.
ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ മധ്യഭാഗത്തുകൂടി ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍ നിന്ന് 6 മീറ്റര്‍ ഉയരത്തിലുമായി ബോ സ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഞ്ചേരി ആസ്ഥാനമായ പി.എം.ആര്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍. പൊതുമരാമത്ത് വകുപ്പിന്റെ കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു യൂണിറ്റിനാണ് മേല്‍നോട്ട ചുമതല.