ആശമാര്‍ക്കായി ഒരു കുഞ്ഞ് കരുതല്‍; സമരക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക സംഭാവന നല്‍കി മൂന്നാം ക്ലാസുകാരന്‍

Jaihind News Bureau
Saturday, March 22, 2025

ആശാ പ്രവര്‍ത്തകര്‍ക്ക് നേരെ സര്‍ക്കാരിന്റെ അനീതിക്ക് 41 ദിനങ്ങളുടെ ആയുസ്സ്. ഒപ്പം മൂന്നാം ഘട്ടമായി സമരക്കാര്‍ പ്രഖ്യാപിച്ച നിരാഹാര സമരം ഇന്ന് മൂന്ന് ദിനങ്ങള്‍ പിന്നിട്ടു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതെല്ലാം മാറി നിന്ന് വീക്ഷിക്കാന്‍ അല്ലാതെ അവരുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ക്രൂരത ഒരു വശത്ത് തുടരുമ്പോഴും സമരക്കാര്‍ക്ക് ജനപിന്തുണ വേണ്ടുവോളമുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ മൂന്നാം ക്ലാസുകാരന്റെ കരുതല്‍.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ണവ് മാമന്‍ ചെറിയാന്‍ തനിക്ക് കിട്ടിയ പി സി എം സ്‌കോളര്‍ഷിപ്പ് തുക സമര പന്തലില്‍ എത്തി സംഭാവനയായി നല്‍കിയതാണ് ഇപ്പോള്‍ ഏറെ ചര്‍ചയാകുന്നത്. ഒരു കൊച്ചു കുട്ടിക്ക് തോന്നിയത് എന്തുകൊണ്ടോ ജനങ്ങള്‍ക്കു വേണ്ടി ജയിപ്പിച്ചു വിട്ട മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഇതുവരെ തോന്നിയില്ല. കേന്ദ്രവും കേരളവും ഇപ്പോഴും തര്‍ക്കത്തിലാണ്. തങ്ങളില്‍ ആരാണ് ജനങ്ങളെ സേവിക്കാന്‍ ഏറ്റവും മോശം എന്ന കാര്യത്തിലാണ് ശരിക്കും തര്‍ക്കം ഉണ്ടാകേണ്ടത്. എന്നാല്‍ ആശമാരുടെ കാര്യത്തില്‍ പരസ്പരം പഴിചാരി 41 ദിനങ്ങള്‍ വരെ സമരം നീട്ടിക്കൊണ്ടുപോകാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞു. എന്നാല്‍ ജനപിന്തുണ വേണ്ടുവോളം ലഭിക്കുന്ന സമരക്കാര്‍ക്ക് മുന്നില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് വരില്ല. കേന്ദ്രത്തിനും കേരളത്തിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കേണ്ടതായി വരും.