കട്ടപ്പനയില്‍ ഭാര്യവീട്ടിലെത്തിയ 35കാരനെ അയൽവാസി വെട്ടിക്കൊന്നു

Friday, June 14, 2024

 

ഇടുക്കി: കട്ടപ്പന അയൽവാസികൾ തമ്മിലുളള സംഘർഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഭാര്യ വീട്ടിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരത്തോടെ കൂടിയായിരുന്നു സംഭവം.

ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാൻ എത്തിയ പോലീസിനെയും ഇയാൾ ആക്രമിച്ചു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം.