മൈദ,ഗോതമ്പ് എന്നിവയിൽ നിന്നുള്ള അലർജിയെ തുടർന്ന് 16 കാരി മരിച്ചു

Friday, February 10, 2023

ഇടുക്കി: മൈദ,ഗോതമ്പ് എന്നിവയിൽ നിന്നുള്ള അലർജിയെ തുടർന്ന് ചികിത്സക്കെത്തിച്ച 16 കാരി മരിച്ചു. ഇടുക്കി വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്‍റെ മകൾ  നയൻമരിയ സിജു ആണ് മരിച്ചത്.

മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളിൽ നിന്നുള്ള അലർജിയെ തുടർന്ന് കുട്ടിക്ക് മുൻപ് ചികിത്സാ തേടിയിരുന്നു. അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങി. ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ചതോടെ അസ്വസ്ഥത ഉണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ തക്ക സമയത്ത് വേണ്ട ചികിത്സ ലഭിച്ചില്ല എന്നും പരാതിയുണ്ട്.