ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുത്ത് സമ്മർദ്ദത്തിലാക്കാനുള്ള സർക്കാർ ഗൂഢനീക്കം പൊളിയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിനുമേൽ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന് വനിതാപോലീസുകാർ ആരോപിക്കുന്ന ദിവസങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന് കോടതിരേഖ സാക്ഷ്യപ്പെടുത്തുന്നു. നാളെ കേസ് പരിഗണിക്കുമ്പോൾ ഇഡി ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കും.
ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നത് കേട്ടുവെന്ന് വനിതാ സിവിൽ പോലീസ് ഓഫീസർമായ സിജി വിജയനും റെജിമോളുമാണ് മൊഴിനൽകിയത്. 2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇ.ഡി ഓഫീസിലാണ് സംഭവമെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല് ഈ ദിവസങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സ്വപ്നയുടെ അഭിഭാഷകൻ ഇത് പരാതിയായി ഉന്നയിച്ചതിനെത്തുടർന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഇഡിക്ക് കർശന നിർദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ഈ രേഖ ഇഡിക്കെതിരെയുള്ള കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി മാറും. കേസ് റദ്ദാക്കാനും ഗൂഢാലോചന അന്വേഷിക്കാനും ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇഡിയുടെ വാദം കേട്ടശേഷം ക്രൈംബ്രാഞ്ചിന്റെ വാദം കേൾക്കാൻ ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ് 12, 13 തീയതികൾക്കുശേഷം സ്വപ്നയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഓഗസ്റ്റ് 14 ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടന്നിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യലെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആരോപിച്ചതിനെത്തുടർന്ന് ഒരു വനിതാപോലീസ് ഓഫീസറുടെ സാന്നിധ്യമുണ്ടാകണമെന്ന് ജഡ്ജി ഇഡിക്ക് നിർദേശം നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചൊവ്വാഴ്ച ഇഡി ഹൈക്കോടതിയിൽ സമർപ്പിക്കും. ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.