കെഎസ്ആർടിസിയിലെ ഉന്നത തസ്തികകളിൽ പിൻവാതിൽ കരാർ നിയമനങ്ങൾ ; ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Sunday, March 28, 2021

തിരുവനന്തപുരം : പിൻവാതിൽ നിയമനങ്ങൾ തുടർന്ന് പിണറായി സർക്കാർ. കെഎസ്ആർടിസിയിലെ ഉന്നത തസ്തികകളിൽ നടക്കുന്നത് പിൻവാതിൽ കരാർ നിയമനങ്ങൾ. നിയമനങ്ങൾ സംബന്ധിച്ച ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. കെഎസ്ആർടിസിയിൽ പി.എസ്.സിയെ ഒഴിവാക്കി ഉന്നത തസ്തികകളിൽ പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ നൽകിയത് സംബന്ധിച്ച ഉത്തരവാണ് പുറത്തുവന്നത്. കെഎസ്ആർടിസിയുടെ കീഴിൽ പുതുതായി ആരംഭിച്ച സ്വിഫ്റ്റ് കമ്പനിയിലേയ്ക്കുള്ള നിയമനങ്ങൾ ലക്ഷ്യംവച്ച് രണ്ട് സ്ഥാപനങ്ങളിലേയ്ക്കുമെന്ന തരത്തിലാണ് കരാർ നിയമന ഉത്തരവുകൾ നൽകിയിരിക്കുന്നത്.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറാണ് നിയമന ഉത്തരവുകളിൽ ഒപ്പുവച്ചിട്ടുള്ളത്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ് നിയമനങ്ങൾ നൽകിയിട്ടുള്ളത്. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ, ഡെപ്യൂട്ടി മാനേജർമാർ എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ നിയമന ഉത്തരവുകൾ നൽകിയിട്ടുള്ളത്. ഡെപ്യൂട്ടി മാനേജർമാരുടെ നിയമനങ്ങൾ തത്ക്കാലം ഒരുവർഷത്തെ കരാറിലാണ് .

കെ.എസ്.ആർ.ടി.സിയിലെ മിഡില്‍ മാനേജ്മെന്‍റ്  ശക്തിപ്പെടുത്താൻ സർക്കാർ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോർട്ട്‌ അനുസരിച്ച്  പി.എസ്.സി വഴി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. ഡിപ്പാർട്മെന്‍റിലുള്ളവർക്ക് വേണ്ടി പി.എസ്.സി നടത്തിയ ടെസ്റ്റിലൂടെ 36 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ലിസ്റ്റ് റദ്ദാക്കിയ ശേഷമാണ് പിൻവാതിലിലൂടെ കരാർ നിയമനങ്ങൾ നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപ് തിരക്കിട്ട് ഈ നിയമനങ്ങൾ നടത്തുകയായിരുന്നു എന്നതും ദുരൂഹമാണ്.