തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽ.ഡി.എഫ് സർക്കാർ കേസന്വേഷണം അട്ടിമറിച്ചു. ഉന്നതരുടെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങളിലെ അന്വേഷണം യു.ഡി.എഫ് ഭരണത്തിന്‍റെ അവസാന ഘട്ടത്തിൽ നടത്താൻ ശ്രമിച്ചിരുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെ ഫോൺവിളികളുടെ വിവരം മൊബൈൽ ഫോൺ സേവനദാതാക്കൾ ലഭ്യമാക്കാതിരുന്നതടക്കം തെളിവ് സമാഹരിക്കുന്നതില്‍ വെല്ലുവിളിയായി. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും എട്ടു വര്‍ഷത്തിനിപ്പുറവും കേസില്‍ തുടരന്വേഷണ സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്‍റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്ന് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒഞ്ചിയം ഉൾപ്പെടുന്ന വടകരയിൽ യു.ഡി.എഫിന്‍റെ പിന്തുണ ആർ.എം.പി സ്ഥാനാർത്ഥിയായ കെ.കെ രമയ്ക്കാണ്. രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി വധത്തിന് പിന്നിൽ സി.പി.എമ്മിലെ ഉന്നതരുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചിരുന്നു.