തിരുവനന്തപുരം : ഭരണത്തുടര്ച്ചെയന്നത് സ്വപ്നം മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെയ്ഡ് സര്‍വേകളാണ് പുറത്തുവരുന്നത്. ഇവ കാണിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിന്‍സെന്റിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം കാഞ്ഞിരംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മനസില്‍ പതിയുന്ന ഒരു കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാരിനായില്ല. പരസ്യങ്ങളിലൂടെ ജനങ്ങളുടെ ചിന്ത മാറ്റാനാകുമോയെന്ന് പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ഇതൊന്നും വിലപ്പോകില്ല. രണ്ടര ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയെന്ന് ഇടതുസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ നാലരലക്ഷത്തിലേറെ വീടുകളാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇക്കാര്യം മറച്ചുവെച്ച് പരസ്യങ്ങളിലൂടെ ആഘോഷമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനില്‍ നാല് കോടിയിലധികം കമ്മീഷന് നേടിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെ തുറന്നുപറഞ്ഞതാണ്. ഓണക്കാലത്തടക്കം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വോട്ട് ലക്ഷ്യംവെച്ച് വിതരണം ചെയ്യുകയാണുണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കെല്ലാം നല്‍കിയിരുന്ന സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് ഈ കിറ്റ് വിതരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറുപടി ഇല്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി അരി നല്കി. എന്നാല്‍ ഒരു കിലോ അരിയ്ക്ക് രണ്ടു രൂപ വീതം ഈടാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ അരി വിതരണം ഭരണത്തിലേറുമ്പോള്‍ പുനസ്ഥാപിക്കും. സൗജന്യ ചികിത്സയും ഉറപ്പാക്കും. ന്യായ് പദ്ധതി കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്കി. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കടം ഇരട്ടിയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.