ചിഞ്ചു റാണിയുടെ സ്ഥാനാർത്ഥിത്വം : ചടയമംഗലത്ത് സിപിഐയില്‍ വിമതനീക്കം ; മുസ്തഫ അനുകൂലികളുടെ കൺവെൻഷൻ ഇന്ന്

Jaihind News Bureau
Sunday, March 14, 2021

 

കൊല്ലം : ചടയമംഗലത്ത്  ജെ. ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ  സിപിഐയിലെ മുസ്തഫാ അനുകൂലികൾ ഇന്ന് കൺവെൻഷൻ നടത്തും. കൺവെൻഷനില്‍  മുസ്തഫയെ  വിമതസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനും സിപിഐ പ്രദേശികനേതൃത്വം തയ്യാറെടുക്കുകയാണ്

ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. എ മുസ്തഫയെ സ്ഥാനാർത്ഥിയാക്കിയില്ലങ്കിൽ എന്തു വില നൽകിയും ചിഞ്ചു റാണിയെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.  പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  മുല്ലക്കര രത്നാകരനെതിരേയും പ്രവർത്തകർ പ്രതിഷേധമുയർത്തി.

സിപിഐയിൽ വിഭാഗീയത കൊടി കുത്തി വാഴുന്ന കൊല്ലത്ത് ചടയമംഗലത്തെ പുതിയ നീക്കങ്ങൾ പാർട്ടിയെ പിടിച്ചുലക്കുകയാണ്. ചാത്തന്നൂരിൽ ജി.എസ് ജയലാലിനേയും പുനലൂരിൽ പി.എസ്. സുപാലിനേയും സ്ഥാനാർത്ഥികളാക്കിയതില്‍  പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നതിനിടെയാണ് വിമത സ്ഥാനാർത്ഥി നീക്കം  ശക്തമായിരിക്കുന്നത്. സിപിഐയിലെ ചേരിപ്പോരും വിമത നീക്കങ്ങളും ഇടതു മുന്നണിയ്ക്ക് കനത്ത തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല.