പുറത്താക്കിയെന്ന് ലോക്കല്‍ കമ്മിറ്റി, ഇല്ലെന്ന് ജില്ലാ സെക്രട്ടറി ; സിന്ധുവില്‍ ഉടക്കി സിപിഎം

Jaihind News Bureau
Thursday, March 11, 2021

 

കോട്ടയം : പിറവത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിന്ധുമോള്‍ ജേക്കബിനെതിരായ പാര്‍ട്ടി നടപടിയില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം. സിന്ധുമോള്‍ ജോക്കബിനെ പുറത്താക്കിയ ലോക്കല്‍ കമ്മിറ്റി തീരുമാനത്തെ തള്ളി ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ രംഗത്ത് എത്തി. സംഘടനാ രീതി പ്രകാരം പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റി ആണെന്നും സിന്ധുമോള്‍ ജേക്കബ് മത്സരിക്കാന്‍ യോഗ്യയായ വ്യക്തിയാണെന്നും വിഎന്‍ വാസവന്‍ പ്രതികരിച്ചു.

ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആളാണ് സിന്ധുമോള്‍ ജേക്കബ്. മല്‍സര രംഗത്ത് വന്നത് തങ്ങളുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമല്ല. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്‌തോ എന്ന് അവരാണ് പറയേണ്ടത്. മല്‍സരിക്കാന്‍ വ്യക്തിപരമായി അവര്‍ക്ക് അവകാശമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി നടപടി സ്വീകരിച്ചത്.

നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന സിന്ധു മുൻ പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. പേമെന്‍റ് സീറ്റാണ് ഇതെന്നും സാമുദായിക താൽപര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർത്ഥിയാക്കിയതെന്നും ആരോപണം ഉയർന്നു. ജോസ് കെ മാണിക്കെതിരെ ആരോപണവുമായി പാർട്ടി വിട്ട ജില്‍സ് പെരിയപുറം രംഗത്തെത്തി. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു.

സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സിപിഎം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സിപിഎം പ്രവ‍ര്‍ത്തക‍ര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിച്ചു. സ്ഥാനാര്‍ത്ഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. തന്‍റെ കയ്യില്‍ പണമില്ലാത്തതാണ് പ്രശ്നമെന്നും ജില്‍സ് പറയുന്നു

നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക‌് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു. അതേസമയം രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് സിന്ധു വ്യക്തമാക്കി.