കടകംപള്ളിയുടെ ഖേദപ്രകടനം തട്ടിപ്പ് ; രൂക്ഷവിമർശനവുമായി ഡോ. ശൂരനാട് രാജശേഖരൻ

Jaihind News Bureau
Thursday, March 11, 2021

 

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് സമയത്തെ തട്ടിപ്പ് മാത്രമാണെന്ന്   കെപിസിസി വൈസ് പ്രസിഡന്‍റ്   ഡോ. ശൂരനാട് രാജശേഖരൻ.  ശബരിമലയിലെ വീഴ്ച, പി.എസ്.സി റാങ്ക് ലിസ്റ്റുകാരെ അപമാനിക്കല്‍, സ്വപ്ന സുരേഷ് ബന്ധം, കേരള ബാങ്ക് രൂപീകരണത്തിലെ അഴിമതി എന്നീ നാല് കാരണങ്ങൾ മന്ത്രിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവും. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചയും വനിതാ മതിലിന്‍റെ നേതൃത്വവും മന്ത്രി കടകംപള്ളി സുരേന്ദ്രന് ആയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിൽ ഇരുട്ടിന്‍റെ മറവിൽ സ്ത്രീകളെ കയറ്റിയതിന് മുഖ്യമന്ത്രിയുടെ വലം കൈയ്യായി പ്രവർത്തിച്ചത് കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന തിരിച്ചറിവിൽ ഖേദപ്രകടനവുമായി മന്ത്രി രംഗത്ത് വന്ന് കഴിഞ്ഞു. മന്ത്രിയുടെ നിലപാടുകൾ വിശ്വാസി സമൂഹത്തെ മുറിവേൽപിച്ചതാണ്. സെക്രട്ടേറിയേറ്റിന് മുന്നിൽ ജോലി ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്ത പി.എസ്.സി ഉദ്യോഗാർത്ഥികൾ മന്ത്രിയെ കാണാൻ ചെന്നപ്പോൾ അവരെ ആശ്വസിപ്പിക്കുന്നതിന് പകരം പത്ത് വർഷം കഴിഞ്ഞാലും റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി കിട്ടില്ല എന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞ മന്ത്രിയുടെ മുഖം യുവജനങ്ങളും മാതാപിതാക്കളും കേരളീയ പൊതു സമൂഹവും ഒരിക്കലും മറക്കില്ല.

സാലറി ചലഞ്ചിൽ സമരം ചെയ്ത അധ്യാപകരെ മന്ത്രി വിശേഷിപ്പിച്ച വാക്കുകൾ കേട്ടാൽ മന്ത്രി എം.എം മണി പോലും നാണിച്ച് പോകും. വിവാദ നായിക സ്വപ്നയുമായുള്ള ബന്ധവും വാട്ട്‌സ് ആപ്പ് മെസേജുകളും മന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു. നൂറ്റാണ്ടുകളായി ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ഇല്ലാതാക്കി കേരള ബാങ്ക് എന്ന അഴിമതി ബാങ്ക് ഉണ്ടാക്കിയതിന് ചുക്കാൻ പിടിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ കടയ്ക്കൽ കത്തി വയ്ക്കുകയായിരുന്നു മന്ത്രി കടകംപള്ളി. കയ്യിലിരുന്ന വകുപ്പുകളിൽ ഓരോന്നും വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് അകന്ന മന്ത്രിയായിരുന്നു കടകംപള്ളിയെന്നും അദ്ദേഹം പറഞ്ഞു