കോഴിക്കോട് : കുറ്റ്യാടിയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനെ മല്‍സരിപ്പിക്കാന്‍ പാർട്ടിയില്‍ ഒരുവിഭാഗം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ വിമത സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കുറ്റ്യാടി ഘടകകക്ഷിക്ക് വിട്ടുനല്‍കിയതിനെതിരെ ഇന്ന് വൈകിട്ട് ടൗണില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം കുറ്റ്യാടിയില്‍ കലാപത്തിലേക്ക് വഴി മാറുകയാണ്. എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്ന കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം വിമതസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ വിമതസ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ഇദ്ദേഹം മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പ്രവര്‍ത്തകര്‍ ഉറപ്പിച്ചിരുന്നതാണ്. പ്രാഥമിക പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാൽ സീറ്റ് അപ്രതീക്ഷിതമായി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതോടെയാണ് പ്രതിഷേധം മറനീക്കി പുറത്തുവന്നത്.
പിന്നാലെ കുറ്റ്യാടിയിലെ സിപിഎം നേതാക്കളുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കം നിരവധി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സീറ്റ് തിരിച്ചെടുക്കണമെന്നാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് നേതൃത്വം ഉറച്ചു നിന്നതോടെ പരസ്യമായി വിമതസ്വരം ഉയര്‍ത്താന്‍ തന്നെ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.