ഐസക്കിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ പിണറായി : രൂക്ഷ വിമർശനവുമായി ബർലിന്‍ കുഞ്ഞനന്തന്‍ നായർ

Jaihind News Bureau
Wednesday, March 10, 2021

കണ്ണൂര്‍ : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഇടതുമുന്നണിയില്‍ കനത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഇടതുപക്ഷ സഹയാത്രികനായ ബർലിന്‍ കുഞ്ഞനന്തന്‍ നായർ. ധനമന്ത്രി തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ പിണറായി വിജയനാണെന്ന് കുഞ്ഞനന്തന്‍ നായർ തുറന്നടിച്ചു. സിപിഎമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പി ജയരാജനെയും ജി സുധാകരെയും ഉള്‍പ്പെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ടുള്ള ഇടതു പക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിക്ക് ഇത്തവണ വലിയ തിരിച്ചടിയാകും. വോട്ടുകള്‍ നഷ്ടപ്പെടും. പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. ഒഴിവാക്കിയത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. ജി സുധാകരനേയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെത്. ഐസക്കിനെ തട്ടിയതിന്‍റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്’ – ബർലിന്‍ കുഞ്ഞനന്തന്‍ നായർ പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാര്‍ത്ഥിയാകില്ല. പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതാണ് ഇത്തരം പ്രതിഷേധങ്ങിളൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയത്തിലും വെട്ടിനിരത്തിലിനെതിരെയും വലിയ പ്രതിഷേധമാണ് അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. പൊന്നാനിയിലും കുറ്റ്യാടിയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പി ജയരാജന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതികരണങ്ങള്‍ വരെയുണ്ടായി. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കെല്ലാം പുല്ലുവില കല്‍പിച്ചാണ് ഇന്ന് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. ഇതോടെ പാർട്ടിക്കുള്ളില്‍ വിമത നീക്കവും ശക്തമായിട്ടുണ്ട്.