പ്രതിഷേധം കടുത്തു ; പി.കെ ജമീലയെ വെട്ടി ജില്ലാ നേതൃത്വം

Jaihind News Bureau
Sunday, March 7, 2021

 

പാലക്കാട് : പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനു പിന്നാലെ തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മന്ത്രി.എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ ഒഴിവാക്കി. പകരം ഡി. വൈ. എഫ്. ഐ നേതാവ് പി. പി സുമോദിനെ സ്ഥാനാർഥിയാക്കാനാണ് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജമീലയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

പി.കെ ജമീലയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ എൻ.എൻ കൃഷ്ണദാസ്, പി.കെ ശശി എംഎൽഎ ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നു. ഇതിനിടെ  ബാലന് എതിരെയും കുടുംബ രാഷ്ട്രീയത്തിനെതിരെയും പോസ്റ്ററുകളുമായും പ്രവർത്തകർ രംഗത്തെത്തി.

മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്നും ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയാണമെന്നും അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണം ഇല്ലാതാക്കുമെന്നും പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നു. മന്ത്രി എകെ ബാലന്‍റെ വീട്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.