വിരട്ടലുമായി സിപിഎം ; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ

Jaihind News Bureau
Saturday, March 6, 2021

 

മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കസ്റ്റംസ് നടപടി കടുപ്പിക്കുമ്പോള്‍ സിപിഎമ്മും കസ്റ്റംസും തമ്മില്‍ പോര്‍വിളി മുറുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിക്ക് ശ്രമിക്കുന്നുവെന്നും ഇത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് ഫേസ്ബുക്ക് പോസ്റ്റിടേണ്ടി വന്നു. കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ് എല്‍ഡിഎഫ്.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴിയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനിക്കും കസ്റ്റംസ് നോട്ടീസ് നല്‍കി. ഇതോടെ കസ്റ്റംസും എല്‍ഡിഎഫും തമ്മില്‍ തുറന്ന പോരിലേക്കാണ് നീങ്ങുന്നത്.

അതേസമയം കസ്റ്റംസിനെതിരായ ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചാണ് കമ്മീഷണറുടെ മറുപടി. കേന്ദ്ര സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എല്‍ഡിഎഫിന്‍റെയും സര്‍ക്കാരിന്‍റെയും ആരോപണം.