താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി ; നടപടികള്‍ നിർത്തിവയ്ക്കാന്‍ ഉത്തരവ്

Jaihind News Bureau
Thursday, March 4, 2021

High-Court-10

 

കൊച്ചി : പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് ഹൈക്കോടതി. നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.   12-ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും  ഹൈക്കോടതി വ്യക്തമാക്കി.

കില,കെൽട്രോൺ,ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ,  ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മീഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് റാങ്ക് ഹോൾഡേഴ്സ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

പത്ത് വർഷമായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനം എടുക്കുകയും വിവിധ വകുപ്പുകൾ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് നിരവധി ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പിൻവാതിലിലൂടെയും മറ്റ് സ്വാധീനത്തിലൂടെയും ജോലിക്ക് കയറിയവരെ സ്ഥിരപ്പെടുത്തുന്നത് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത് തുല്യമാണെന്നും ഹർജിയിൽ പറയുന്നു. റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് കോടതിയിൽ ഹാജരായത്.

തെരഞ്ഞെടുപ്പ് മുഖത്ത് പരമാവധി സി.പി.എം അനുകൂലികളെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചടിയായിരിക്കുന്നത്. വ്യാപകമായി പിൻവാതിൽ നിയമനം നടത്തുകയും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുകയും ചെയ്ത സർക്കാറിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടൽ എന്നതും ശ്രദ്ദേയമാണ്.