പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പു.ക.സ) സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രനെതിരെ മീ ടു ആരോപണം പുറത്തുവന്നിട്ടും വേട്ടക്കാരനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. വാളയാറിലും, പാലത്തായിലും നടന്നതുപോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്ക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് ശേഷവും സിപിഎം പുലർത്തുന്ന കുറ്റകരമായ മൗനം.
ഗോകുലേന്ദ്രന്റെ നിരന്തരമായ ഉപദ്രവം തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാര്‍ത്ഥം സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്താന്‍ പോലും സിപിഎമ്മോ, അതിന്റെ സാംസ്കാരിക സംഘടനയായ പു.ക.സയോ തയാറാകുന്നില്ല. തനിക്കോ തന്റെ വീട്ടുകാർക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാൽ അതിന് ഗോകുലേന്ദ്രനും സിപിഎമ്മും ഉത്തരവാദി ആയിരിക്കുമെന്ന് പെണ്‍കുട്ടി പറയുന്നു.
ഇതേരീതിയില്‍ ഒരുപാട് കുട്ടികൾക്ക് ഇടതുപക്ഷ സാംസ്കാരിക ഇടങ്ങളിൽ നിന്ന് ഇതേ ചൂഷണ അനുഭവങ്ങൾ ഉണ്ട്. ത്രീവ്രത കുറഞ്ഞ പീഡനങ്ങൾ എന്നൊക്കെ പാർട്ടി കോടതികളിൽ തീർപ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിന് പാർട്ടി തന്നെ വിലങ്ങുതടിയാകാറാണ് പതിവ്. ഇത്തരം അതിക്രമങ്ങളിൽ പ്രതികൾ എത്ര ഉന്നതരായാലും അവർ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിനു വേണ്ടി സൈബറിടവും പൊതു സമൂഹവും ഇരയുടെ കൂടെ നിൽക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
“എനിക്കോ എന്റെ വീട്ടുകാർക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാൽ അതിന് ഗോകുലേന്ദ്രനും സിപിഎമ്മും (അയാളെ സംരക്ഷിക്കുന്നിടത്തോളം) ഉത്തരവാദി ആയിരിക്കും” കഴിഞ്ഞ ദിവസം വിദ്യമോൾ പ്രമാടം (Lone bird) എന്ന ദളിത് പെൺകുട്ടി ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിലെ അവസാന വരികളാണിത്. ആ പെൺകുട്ടി പുകസ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഗോകുലെന്ദ്രനിൽ നിന്ന് കുട്ടിക്കാലം മുതൽ തനിക്ക് നേരെയുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. അവർ അത് ചെറുപ്പം മുതൽ പലരോടും പറഞ്ഞിരുന്നു എന്നും, അതേ അനുഭവം ഉള്ള പലകുട്ടികളും തന്നോട് ഗോകുലെന്ദ്രനിൽ നിന്നുണ്ടായ സമാന അനുഭവം പങ്കുവെച്ചിട്ടുണ്ടെന്നും വിദ്യമോൾ എഴുതുന്നു. പതിനാല് വയസ്സിൽ തന്റെ കവിത സമാഹാരം പുറത്തിറക്കിയ ആ കുട്ടി ഈ അനുഭവത്തിന് ശേഷം വേദികളിൽ നിന്നും, സാഹിത്യ ലോകത്ത് നിന്നും പിൻവലിഞ്ഞ് ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ വരെയെത്തി.
വിദ്യമോളെ പോലുള്ള ഒരുപാട് കുട്ടികൾക്ക് ഇടതുപക്ഷ സാംസ്കാരിക ഇടങ്ങളിൽ നിന്ന് ഇതേ ചൂഷണ അനുഭവങ്ങൾ ഉണ്ട്. ത്രീവ്രത കുറഞ്ഞ പീഡനങ്ങൾ എന്നൊക്കെ പാർട്ടി കോടതികളിൽ തീർപ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിന് പാർട്ടി തന്നെ വിലങ്ങുതടിയാകാറാണ് പതിവ്.
വിദ്യമോൾ ഇത് തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാർത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പോലും സിപിഎമ്മോ, അതിന്റെ സാംസ്കാരിക സംഘടനയായ പുകാസയൊ തുനിഞ്ഞിട്ടില്ല.
വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദ്യമോളുടെ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബർ ലോകം പുലർത്തുന്ന കുറ്റകരമായ മൗനം.
സമൂഹത്തിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഇത്തരം അതിക്രമങ്ങളിൽ പ്രതികൾ എത്ര ഉന്നതരായാലും അവർ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിനു വേണ്ടി സൈബറിടവും പൊതു സമൂഹവും ഇരയുടെ കൂടെ നിൽക്കേണ്ടതുണ്ട്.
#StopChildAbuse