തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ കേരള സർക്കാരിന്റെ വാഴ്ത്തുപാട്ടുകള്‍ പ്രചരിപ്പിക്കാന്‍ കരാര്‍ നല്‍കിയത്, ഹത്രസ് സംഭവത്തില്‍ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ച് വിവാദത്തിലായ അതേ പിആർ കമ്പനി. സോഷ്യല്‍ മീഡിയയിലൂടെ സർക്കാരിന് സ്തുതി പാടാന്‍ കൺസപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡിന് 1.51 കോടിയാണ് പിണറായി സർക്കാർ നൽകുന്നത്.
യുപിയിലെ ഹത്രസിൽ കഴിഞ്ഞ വർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ച് വിവാദത്തിലായ പിആർ കമ്പനിയാണ് കണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍സ്. കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡിജിറ്റൽ മീഡിയ ക്രിയേറ്റീവ് ഏജൻസിയായാണ് നിയമനം. സമൂഹമാധ്യമങ്ങൾ വഴി സർക്കാരിന്റെ പ്രതിഛായ കൂട്ടുകയാണു ദൗത്യം. 1,51,23,000 രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയ ഫെബ്രുവരി 26 നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ഹത്രസ് സംഭവത്തില്‍ യോഗി സർക്കാരിനെ വെള്ളപൂശാന്‍ ചുക്കാന്‍ പിടിച്ചത് കണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍സായിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഹത്രസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്ന് വെളിവാക്കുന്നുവെന്ന രീതിയിലുള്ള വാർത്താക്കുറിപ്പ് 2020 ഒക്ടോബർ ഒന്നിനു കൺസപ്റ്റ് സൊല്യൂഷന്‍സ് ദേശീയ മാധ്യമങ്ങൾക്ക് അയച്ചിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോലും കുടുംബത്തിന് വിട്ടുനൽകാതെ പൊലീസ് തിടുക്കപ്പെട്ട് സംസ്കരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു കണ്‍സപ്റ്റിന്റെ വെള്ളപൂശല്‍. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
ഇതേ കമ്പനിക്ക് തന്നെയാണ് ഇപ്പോള്‍ പിണറായി സർക്കാരും പ്രതിഛായ വർധിപ്പിക്കാന്‍ കരാർ നല്‍കിയിരിക്കുന്നത്. ടെൻഡർ വിളിച്ചപ്പോൾ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഇതിൽ നിന്ന് കണ്സപ്റ്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് വകുപ്പാണ് ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ പ്രചാരണ കരാറും കൺസപ്റ്റിനായിരുന്നു. പദ്ധതിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചു പെരുപ്പിച്ചു കാട്ടാൻ ശ്രമമെന്ന് ആരോപണവുമുയർന്നു. ആദ്യ ദിവസങ്ങളിലെ 321 ഫോളോവേഴ്സിൽ 95 ശതമാനവും വ്യാജമായിരുന്നു. വിവാദമായതോടെ ഇവ ഒഴിവാക്കുകയായിരുന്നു.