ടി.പി വധക്കേസില്‍ സാക്ഷി പറഞ്ഞു ; യൂത്ത് ലീഗ് നേതാവിന്‍റെ കെട്ടിടം പണി തടഞ്ഞ് സിപിഎം പ്രതികാരം ; സംഘർഷം

Jaihind News Bureau
Tuesday, March 2, 2021

 

കോഴിക്കോട്: ഓർക്കാട്ടേരിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെതിരെ സി.പി.എം ആക്രമണം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.പി. ജാഫറിന്‍റെ കെട്ടിടം പണി തടയാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചത്  സംഘർഷത്തിനിടയാക്കി. മുൻസിഫ് കോടതി ഉത്തരവോടെയാണ് ജാഫർ കെട്ടിട നിർമ്മാണം തുടങ്ങിയത്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കുറ്റ്യാടി- വടകര റോഡില്‍ റോഡ് വികസനത്തിനായി വ്യാപാരികള്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ആ സ്ഥലത്ത് കോടതി ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണം നടത്തുകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പറയുന്നത്. ഒരു നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. മുകളിലെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതും നിര്‍മ്മാണം തടസ്സപ്പെടുത്തിയതും.