തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന താല്‍ക്കാലിക നടപടികള്‍ കൊണ്ടൊന്നും സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന വായ്പാ പ്രതിസന്ധി ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 -ലെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും അസംഘടിത മേഖല തകരാറിലാകുകയും ചെയ്തു. ഫെഡറല്‍ സംവിധാനവും സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങളുമായിരുന്നു ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ തത്ത്വചിന്തകളുടെ അടിസ്ഥാനശില. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇതിന് അനുകൂലമല്ല.
ദരിദ്രര്‍ക്ക് പിന്തുണ നല്കുന്നതുപോലെയുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകും. കാരണം ഇതിലൂടെ ഡിമാന്റ് ഉത്തേജിപ്പിക്കപ്പെടും. പ്രത്യേകിച്ചും ചെറുകിട മേഖല, കാര്‍ഷിക മേഖല, അസംഘടിത മേഖല എന്നിവയെയെല്ലാം കൂടുതല്‍ ഉല്പാദനത്തിലേക്ക് നയിക്കപ്പെടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നീണ്ട സാമ്പത്തിക മാന്ദ്യത്തിനുശേഷം സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് അതിവേഗം തിരികെ കൊണ്ടുവരാനും ഇത് സഹായകരമാകുമെന്നും മന്മോഹന് സിംഗ് അഭിപ്രായപ്പെട്ടു.