തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിൽ പരിക്കേറ്റ പ്രവർത്തകർ ആശുപത്രിവാസം തുടരുന്നു. അതേസമയം മറുവശത്ത് പ്രവർത്തകർക്കെതിരെ പോലീസിന്റെ പ്രതികാര നടപടി തുടരുകയാണ്. നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും വിട്ടിൽ പോലീസ് റെയ്ഡ് നടത്തി. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്തലി കായ്പ്പാടി അടക്കമുള്ള നേതാക്കൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഫെബ്രുവരി 18 ന് പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് കലാശിച്ചത് സംഘർഷത്തിലായിരുന്നു. പോലീസിന്റെ നരനായാട്ടിൽ നിരവധി പ്രവർത്തകർക്കാണ് അന്ന് പരിക്കേറ്റത്. അന്നത്തെ സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്, എൻ.എസ്.യു നേതാവ് എറിക്ക് സ്റ്റീഫൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ അടക്കമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്തലി കായ്പ്പാടി ചികിത്സയിലാണ്. സി.പി.എമ്മിന്റെ ഗൂഢാലോചനയാണ് പോലീസിന്റെ പ്രതികാര നടപടിക്ക് പിന്നിലെന്നും വിദ്യാർഥികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ സർക്കാരും പോലീസും അടിച്ചമർത്താൻ ശ്രമിച്ചാലും ശക്തമായ സമര പോരാട്ടങ്ങൾ തുടരുമെന്ന് സെയ്തലി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
മാർച്ചിന് പിന്നാലെ കെ.എസ്.യു പ്രവർത്തകർക്കെതിരെ പ്രതികാര നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയാണ്. കെ.എസ്.യു വനിതാ പ്രവർത്തകരുടെയും നേതാക്കളുടെയടക്കം വീടുകളിൽ പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. പോലീസിന്റെ പ്രതികാര നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.