മന്ത്രിസഭയിലുള്ളവർക്ക് മറവിരോഗം ; ധൈര്യം ഉണ്ടെങ്കിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, February 27, 2021

 

കൊച്ചി : ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരും – ഇ.എം.സി.സിയും  വിവരങ്ങൾ മറച്ചുവെയ്ക്കുകയാണെന്നും ധൈര്യവും അന്തസും ഉണ്ടെങ്കിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാറിൽ മുഖ്യമന്ത്രിക്ക് ആശ്ചര്യം തോന്നിയത് കള്ളം പിടിക്കപ്പെട്ടപ്പോഴാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ജനങ്ങളെ ഇത് പോലെ കബളിപ്പിച്ച മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. വകുപ്പിൽ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെ മുഖ്യമന്ത്രി പരിഹസിക്കരുത്. മന്ത്രിമാർക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന സർക്കാർ നടപടി പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കിൽ അവസാന ക്യാബിനറ്റിൽ ഇതിന് അംഗീകാരം കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ധൈര്യവും അന്തസമുണ്ടെങ്കിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.

നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രങ്ങൾക്കും കേരളത്തിൽ പിൻവാതിൽ ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇ എം സിസിയുമായി ഉണ്ടക്കിയ കരാറിൽ എത്ര തുക കമ്മീഷൻ കിട്ടിയെന്ന് മുഖ്യമന്ത്രിയും സി പി എം നേതാക്കളും വ്യക്തമാക്കണം. കൊവിഡ് നെഗറ്റീവ് ‌ സർട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികൾക്ക് വീണ്ടും ക്വാറന്റീൻ വേണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കണമെന്നും  പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പി എസ് സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനല്ല വഴിപാട് ചർച്ചയാണ് സർക്കാർ നടത്തുന്നതെെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.