തിരുവനന്തപുരം: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ സമാപനയോഗത്തില്‍ ബിജെപിയേയും നരേന്ദ്ര മോദിയേയും തൊടാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ചര്‍ച്ചയാകുന്നു. ഒന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രാഹുല്‍ ഗാന്ധിയേയുമാണ് പിണറായി ആക്രമിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം-ബിജെപി ധാരണ രൂപപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
ഇ.എം.സി.സി കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയതിന്റെ കത്തോ ഇത് സംബന്ധിച്ച രേഖകളോ കേന്ദ്രമന്ത്രി വി.മുരളീധരന് പുറത്തുവിടാത്തതും ദുരൂഹമാണ്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണ, ഡോളര്‍ക്കടത്ത് കേസുകള്‍ അട്ടിമറിക്കപ്പെട്ടതും സിപിഎം-ബിജെപി അന്തർധാര വ്യക്തമാക്കുന്നു.
തെരെഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം – ബി.ജെ.പി പക്ഷങ്ങള്‍ നടത്തുന്ന മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മന:പൂര്‍വ്വമെന്ന് കരുതേണ്ടി വരും. ലീഗിനെ വിമര്‍ശിക്കുകയും ബി.ജെ.പിക്കെതിരെ മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ പതിവ് രീതിയായി മാറുകയാണ്. തെരെഞ്ഞെടുപ്പിനെ വര്‍ഗീയ വത്ക്കരിക്കാന്‍ ഇരുപാര്‍ട്ടികളും കളം നിറഞ്ഞ് കളിക്കുകയാണ്.
ശബരിമല വിഷയത്തില്‍ ആര്.എസ്.എസ് – ബി.ജെ.പി- സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്ത ഇടതുപക്ഷം ബി.ജെ.പിയുടെ അജന്‍ഡയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമായിരുന്നു. എന്‍.എസ്.എസ് ആവശ്യമുന്നയിച്ചതിന്റെ മറവിലാണ് ബി.ജെ.പി – സി.പി.എം നേതൃത്വങ്ങള്‍ രഹസ്യമായി ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്ത് സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ പൂർണമായും ബി.ജെ.പിയില്‍ ലയിച്ചിരുന്നു. പിന്നാലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പിടിച്ചെടുത്ത് ബി.ജെ.പി കാര്യാലയമാക്കുകയും ചെയ്തു. ഇതൊന്നും കാണാത്ത മട്ടിലുള്ള മൃദുസമീപനമാണ് ബി.ജെ.പിയോട് സി.പി.എമ്മും പിണറായി വിജയനും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പു പ്രചാരണത്തിന്റെ കുന്തമുനയായ വികസനമുന്നേറ്റ ജാഥയില്‍ പിണറായി ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിക്കാതിരുന്നതെന്നും വിലയിരുത്തപ്പെടുന്നു.