തിരുവനന്തപുരം : സത്യം വിളിച്ചുപറയുന്ന രാഹുല്‍ ഗാന്ധിക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ സംഘടിത ആക്രമണം നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഗീബല്‍സിയന്‍ തന്ത്രങ്ങളെ കൂട്ടുപിടിച്ചാണ് ബി.ജെ.പിയും സി.പി.എമ്മും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നത്. ബി.ജെ.പിയുടെ അതേ ഭാഷയിലാണ് സി.പി.എമ്മും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നെഹ്രുവിന്റെ പേരക്കുട്ടിയെ മതനിരപേക്ഷ ഇന്ത്യയെന്താണ് പഠിപ്പിക്കേണ്ട ആവശ്യമില്ല. കറകളഞ്ഞ മതനിരപേക്ഷവാദിയും ഇന്ത്യന്‍ ഫാസിസത്തിനെതിരായി മുഖാമുഖം പോരാടുന്ന നേതാവുമായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ജനത തിരിച്ചറിയും. പ്രാദേശികവാദം ഉയര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്ക് രാഹുല്‍ ഗാന്ധിയെ കുറിച്ച് വ്യക്തമായി അറിയാം. ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.