ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം ; മഹാസമ്മേളനം പിണറായി സർക്കാരിൻ്റെ പടിയിറങ്ങലിനുള്ള താക്കീതാകും

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം :  ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് സമാപനം.  യാത്ര വിജയകരമായി സമാപിക്കുമ്പോൾ രാഷ്ട്രീയ കേരളം നീങ്ങുന്നത് യു.ഡി.എഫിൻ്റെ വഴിക്കാണ്. ശംഖുമുഖത്ത് രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കുന്ന മഹാസമ്മേളനം പിണറായി സർക്കാരിൻ്റെ പടിയിറങ്ങലിന് കേരളം നൽകുന്ന താക്കീതായി മാറും.

യു.ഡി.എഫിന്‍റെ ശക്തമായ തിരിച്ചുവരവിനാണ് ഐശ്വര്യ കേരള യാത്ര തുടക്കമിട്ടിരിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യം കേരളം എറ്റെടുത്ത് കഴിഞ്ഞു. കാസര്‍ഗോട്ടെ കുമ്പളയില്‍ നിന്നും ആരംഭിച്ച യാത്ര പാറശാലയില്‍ സമാപിച്ചപ്പോള്‍ കേരളം യു.ഡി.എഫിലേക്കോണെന്ന് വ്യക്തമായി. ഐശ്വര്യ  കേരള യാത്ര ആരംഭിച്ചതിനു ശേഷം കേരളത്തിന്‍റെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് യു.ഡി.എഫ് ആയിരുന്നു. ഐശ്വര്യ കേരള നിര്‍മിതിക്കായി യു.ഡി.എഫ് മുന്നോട്ടുവച്ച ആശയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുയും ചെയ്തു.

കേരളം നേരിടുന്ന പ്രതിസന്ധികൾ യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ പരിഹരിക്കുമെന്നതിനുള്ള പദ്ധതി രൂപരേഖയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍  യാതയ്ക്ക് കഴിഞ്ഞു. സര്‍ക്കാരിന്‍റെ അഴിമതിയും ദുര്‍ഭരണവും അക്കമിട്ട് നിരത്തിയായിരുന്നു യാത്ര. ശംഖുമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുൽ ഗാന്ധി എം.പി ഉത്ഘാടനം ചെയ്യും. യു.ഡി.എഫിൻ്റെ മുൻ നിര നേതാക്കൾ എല്ലാം സമ്മേളനത്തിൽ പങ്കെടുക്കും. കുമ്പളയിൽ നിന്നും യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് ശംഖമുഖത്ത് എത്തുമ്പോൾ യു.ഡി.എഫിൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് അടിതെറ്റുകയാണ്. ഭരണ മാറ്റത്തിൻ്റെ ശംഖാെലി മുഴങ്ങുകയാണ് ശംഖുമുഖത്ത്.