ആലപ്പുഴ : കുതിച്ചുകയറുന്ന ഇന്ധനവിലയില്‍ ജനം പൊറുതിമുട്ടുന്നതിനിടെ ആശ്വാസ നടപടിക്ക് തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും എന്നാൽ ഇതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
ഇന്ധനവില വർധനവിന് പിന്നാലെ അവശ്യസാധനങ്ങളുടെ വിലയിലും വർധനവുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രവും സംസ്ഥാനവും ആശ്വാസ നടപടി സ്വീകരിക്കാന്‍ തയാറാകാത്തത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. അതിനിടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.