‘വെറും ഇടതുപക്ഷം ആയാല്‍പോര, ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം’ ; അനുഭവം പങ്കുവെച്ച് സംവിധായകന്‍ ; രൂക്ഷവിമർശനം

Jaihind News Bureau
Wednesday, February 17, 2021

തിരുവനന്തപുരം : ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയപുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കമലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടതുപക്ഷ അനുഭാവിയും ദേശീയ അവാര്‍ഡ് ജേതാവുമായ സംവിധായകന്‍ വി.സി അഭിലാഷ്.

കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്‍റെ സിനിമ അക്കാദമി  നിഷ്ക്കരുണം തളളിയിട്ടുണ്ടെന്ന് അഭിലാഷ് പറയുന്നു.  വെറും ഇടതുപക്ഷമായാൽപ്പോരാ ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണമെന്നും കമലിനെ വിമർശിച്ച് അദ്ദേഹം കുറിച്ചു.

‘ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എൻ്റെ സിനിമ (ആളൊരുക്കം) അവർ ‘ നിഷ്ക്കരുണം’ തളളിയിട്ടുണ്ട്. അന്ന് എൻ്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ”മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാൻ്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാൻ്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിൻ്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിൻ്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും.”- വി.സി അഭിലാഷ് കുറിച്ചു.

 

https://www.facebook.com/vcabhilash.abhi/posts/10208856266800947