പത്തനംതിട്ട : പത്തനംതിട്ടയില്‍ എന്‍സിപിയില്‍ പിളര്‍പ്പ്. ഇടതുമുന്നണി എൻസിപിയോടും മാണി സി കാപ്പനോടും കാട്ടിയ അവഗണയിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒരു വിഭാഗം മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നന്ദികേട് കാണിച്ചവരോട് ഇനി സന്ധിയില്ലെന്നും മാണി സി.കാപ്പന് പാലായില്‍ ചരിത്ര വിജയം നേടുമെന്നും കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ് പറഞ്ഞു.
കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസ്, പാർട്ടി ജില്ലാ ഉപാധ്യക്ഷൻ അനീഷ് ജോസഫ് , ജില്ലാ സെക്രട്ടറി പത്മ ഗിരീഷ്, എന്നിവരുടെ നേത്യത്വത്തിലുള്ള പ്രവർത്തകരാണ് എൻ.സി.പിയിൽ നിന്നും രാജിവെച്ചത്. കത്ത് സംസ്ഥാന പ്രസിഡന്റ് ടി പി പീതാമ്പരന് കൈമാറിയതായി ഇവർ അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് നാളെ പത്തനംതിട്ടയില്‍ സ്വീകരണം നൽകുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇടതുമുന്നണിയുടെ ഭാഗമായിരിക്കെ മുന്നണിയിൽ ചർച്ച ചെയ്യാതെ ഒരു പുതിയ കക്ഷിയുമായി ഉടമ്പടി ഉണ്ടാക്കുകയും അത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഏകാധിപത്യ നടപടിയെ ആത്മാഭിമാനമുള്ള ഒരു എന്‍.സി.പി പ്രവര്‍ത്തകനും അംഗീകരിക്കില്ല. ജില്ലയിലെ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ കൂടെയുണ്ടെന്നും മാണി സി.കാപ്പന്റെ പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇടതുപക്ഷ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ എൻ.സി.പി കേരള ഘടകം ഒന്നാകെ എൽഡിഎഫ് വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും അടുത്തയാഴ്ച പത്തനംതിട്ടയിൽ മാണി.സി. കാപ്പന്റെ നേത്രുത്വത്തില്‍ പ്രവര്‍ത്തക യോഗം ചേരുമെന്നും പുതിയ ജില്ലാ കമ്മറ്റിയെഅന്ന് തെരഞ്ഞെടുക്കുമെന്നും സുബിൻ തോമസ് പറഞ്ഞു.