സരിതയുടെ തട്ടിപ്പ് മന്ത്രിമാരുടെ പേരിൽ; വിളിച്ചത് 317 തവണ : സിപിഎമ്മിന് തന്നെ പേടിയെന്നും സോളറിൽ കൂടെ നിന്നതിന്‍റെ ഓഫർ എന്നും സരിത

Jaihind News Bureau
Tuesday, February 9, 2021

സരിത എസ്.നായര്‍ പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോട് സരിത എസ്. നായർ. നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ്. അരുണിനോട് സരിത നായർ പറയുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. അനധികൃത നിയമനം നടത്തി കമ്മിഷനെടുക്കാന്‍ സിപിഎം അനുവദിച്ചിട്ടുണ്ടെന്നും സോളര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണിതെന്നും സരിത പറയുന്നു.

കെടിഡിസിയിലും ബെവ്കോയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കി സരിത പണം തട്ടിയ വഴികള്‍ വെളിപ്പെടുത്തുകയാണ് പരാതിക്കാരനായ അരുണ്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചത് 317 തവണ. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞു. അന്വേഷണത്തില്‍ പലതും ശരിയെന്നും ബോധ്യമായി.

പിന്‍വാതില്‍ നിയമനം എങ്ങനെ നടപ്പാകുമെന്ന ഉദ്യോഗാര്‍ഥികളുടെ സംശയത്തിനും സരിതയ്ക്ക് ഉത്തരമുണ്ടായിരുന്നു. സോളര്‍ കേസില്‍ സിപിഎമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ടത്രേ. ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്‍കിയെന്നും സരിത അവകാശപ്പെട്ടു.

സർക്കാരിന്‍റെ ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അവകാശപ്പെടുന്ന ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിയമനങ്ങൾക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണു ധാരണയെന്നും സരിത അരുണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നു.

ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്‍റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.