ഉച്ചകോടിക്ക് കൊടിയിറക്കം : ലോകം കാത്തിരുന്ന ഗള്‍ഫ് ഐക്യം പുനസ്ഥാപിച്ചു ; ഉപരോധം പിന്‍വലിച്ച് യുഎഇയും ബഹ്റൈനും ; ഇനി വിമാനങ്ങള്‍ പറക്കും ; സാമ്പത്തിക-വ്യാപാര ഉപരോധങ്ങളും നീക്കി

B.S. Shiju
Wednesday, January 6, 2021

ദുബായ് :  ഖത്തറിന് എതിരെയുള്ള ഉപരോധം സൗദിക്ക് പിന്നാലെ യുഎഇയും ബഹ്റൈനും പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഐക്യ കരാറില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും ഒപ്പുവെച്ചു. ഇതോടെ, മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്ക് അവസാനമായി. ഇനി വിമാനങ്ങള്‍ പറന്നുയരും. സാമ്പത്തിക-വ്യാപാര ഉപരോധങ്ങള്‍ അവസാനിപ്പിക്കും. ഇതുവഴി ലോകം കാത്തിരുന്ന ഗള്‍ഫ് ഐക്യം പുനസ്ഥാപിച്ചു.

സൗദി അറേബ്യ അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതായി, സൗദി വിദേശകാര്യമന്ത്രിയാണ് അറിയിച്ചത്. നാല്‍പ്പത്തി ഒന്നാമത് ജി സി സി ഉച്ചകോടിയില്‍ ആറു ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ഐക്യ കരാര്‍ ഒപ്പുവെച്ചു. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്ക് ഇതോടെ അവസാനമായി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന, അല്‍ ഉല കരാറിലാണ്, ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചത്.

ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി സൗദിയിലെ ചരിത്ര നഗരമായ, അല്‍ ഉലയിലെ, മറായ ഹാളില്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു. ഇതോടെ, മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഗള്‍ഫിലെ ആറു രാജ്യങ്ങളിലൂടെയും പഴയ പോലെ വിമാനങ്ങള്‍ ഇനി സര്‍വീസ് നടത്തും. ഒപ്പം, സാമ്പത്തിക-വ്യാപാര ഉപരോധവും അവസാനിച്ച്, കൊവിഡിന് ശേഷം, ഗള്‍ഫ് മേഖല പുതിയ വികസന കുതിപ്പിലേക്ക് പറന്നുയരുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇങ്ങിനെ, ഈ ഗള്‍ഫ് ഉച്ചകോടി,  ഗള്‍ഫ് മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമായുള്ള പുതിയ അധ്യായത്തിനും, പുതുവര്‍ഷത്തില്‍ തുടക്കമായിരിക്കുന്നു.