ദമാം : കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് സൗദി ഏർപ്പെടുത്തിയ വിമാന യാത്രാ വിലക്ക് പിൻവലിച്ചു. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നീക്കുക. വ്യോമ, കടൽ, റോഡ് മാർഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിനുളള വിലക്കാണ് നീക്കിയത്.
അതേസമയം ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ കൊവിഡ് വകഭേദം സംഭവിച്ച രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏതാനും നിബന്ധനകൾ സൗദി ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്ക് പ്രവേശിച്ചാൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണം. രാജ്യത്തെത്തി 48 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് നടത്തണം. പതിമൂന്നാമത്തെ ദിവസം വീണ്ടും ടെസ്റ്റ് നടത്തണം.
ഇക്കഴിഞ്ഞ ഡിസംബർ 21 നാണ് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചക്ക് ശേഷം സൗദിയിൽനിന്നുള്ള സർവീസുകളുടെ വിലക്ക് നീക്കിയിരുന്നു.