കോഴിക്കോട് : നടുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കൊവിഡ് സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തി ജനവിധി അട്ടിമറിച്ചെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തിൽ ക്വാറന്റൈനിലായ സമ്മതിദായകരുടെ വോട്ടുകളില്‍ കൃത്രിമം നടത്തി ജനവിധി എല്‍.ഡിഎഫിന് അനുകൂലമായി അട്ടിമറിച്ചുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. സമ്മതിദായകരില്‍ നിന്നും ശേഖരിച്ച ബാലറ്റുകള്‍ കവര്‍ തുറന്ന് ബാലറ്റ് പേപ്പറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് രേഖപ്പെടുത്തിയ വോട്ടുകള്‍ ചുരണ്ടി അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചെയ്തതായും വോട്ട് എണ്ണുന്ന അവസരത്തില്‍ യു.ഡി.എഫ് കൗണ്ടിംഗ് ഏജന്റുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ എല്‍.ഡി.എഫിന് അനുകൂലമായി നിലപാട് എടുക്കുകയാണ് ഉണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു.
ചുരണ്ടിയ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി എണ്ണി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയ ചില സ്പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ക്കൊപ്പം ഉള്ള ഡിക്ലറേഷന്‍ ഫോമുകള്‍ എടുത്തുമാറ്റി വോട്ടുകള്‍ അസാധുവാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൃത്യമായി വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകളില്‍ മറ്റു ചിഹ്നങ്ങള്‍ക്ക് കൂടി വോട്ട് ചെയ്ത് അസാധുവാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ 5, 7, 10, 13, 14, 15, 16 വാര്‍ഡുകളിലെ വോട്ട് എണ്ണുമ്പോള്‍ ഇത്തരത്തിലുള്ള ബാലറ്റുകള്‍ കണ്ട യു.ഡി.എഫ് കൗണ്ടിംഗ് ഏജന്റുമാര്‍ ഇക്കാര്യം റിട്ടേണിംഗ് ഓഫീസറെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നേതാക്കള്‍ പറയുന്നു. സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധസമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളടക്കം അഞ്ഞൂറിലധികം പേര് മാര്‍ച്ചിൽ പങ്കെടുത്തു. മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.