കള്ളവോട്ടും അക്രമവും ഒഴിവാക്കാൻ അണികളോട് ആഹ്വാനം ചെയ്യാൻ തന്‍റേടമുണ്ടോ ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരന്‍ എം.പി

Jaihind News Bureau
Sunday, December 13, 2020

 

കണ്ണൂർ : കള്ളവോട്ടും അക്രമവും ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുധാകരന്‍ എം.പി. കൂടുതൽ തെളിവുകളും ദൃശ്യങ്ങളും ശേഖരിച്ച് കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടും അക്രമവും ഒഴിവാക്കാൻ അണികളോട് അഹ്വാനം ചെയ്യാൻ മുഖ്യമന്ത്രിക്ക് തന്‍റേടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.  കള്ളവോട്ടില്ലെങ്കിൽ കണ്ണൂരിൽ സിപിഎം ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല. മൂന്ന് വോട്ടുകള്‍ വരെ ചെയത് ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.

ജനിച്ചിട്ടിന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. അപമാനത്തിന്‍റെ നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്‍റെ ജനാധിപത്യമെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു.