സാങ്കേതിക തകരാര്‍; സോയൂസ് തിരിച്ചിറക്കി; രണ്ട് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതര്‍

Jaihind Webdesk
Friday, October 12, 2018

തിരിച്ചിറക്കിയ സോയൂസ് റോക്കറ്റിലെ രണ്ട് ബഹിരാകാശ സഞ്ചാരികളും സുരക്ഷിതരാണെന്ന് നാസ അറിയിച്ചു. സാങ്കേതിക തകരാറിനെത്തുടർന്ന് കസാക്കിസ്ഥാനിൽ റോക്കറ്റ് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു.

നാസയുടെ ബഹിരാകാശ യാത്രികൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയുടെ അലക്‌സി ഒവ്ചിലിൻ എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.  ഇരുവരും പൂർണ ആരോഗ്യവാന്മാരാണെന്ന് നാസ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. എന്നാൽ സാങ്കേതിക തകരാറിനെത്തുടർന്ന് കസാക്കിസ്ഥാനിൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. എമർജൻസി റസ്‌ക്യൂ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിച്ചതാണ് ഇരുവർക്കും തുണയായത്. വിക്ഷേപണത്തിന് പിന്നാലെ തന്നെ റോക്കറ്റ് ബൂസ്റ്ററിൽ തകരാർ കണ്ടെത്തിയെന്ന് നാസ അറിയിച്ചു.

മൂന്ന് ഘട്ടത്തിലായി പ്രവർത്തിക്കേണ്ട ബൂസ്റ്റർ സംവിധാനം രണ്ടാംഘട്ടത്തിൽ പ്രവർത്തനരഹിതമാകുകയായിരുന്നു. റോക്കറ്റ് വിക്ഷേപണം പരാജയപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.