കൊല്ലം: സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഓടനാവട്ടത്ത് സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടി കമ്മിറ്റിക്കിടയിൽ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മറ്റാരു ലോക്കൽ കമ്മിറ്റി അംഗം വധഭീഷണി മുഴക്കി. പുതിയ ലോക്കൽ സെക്രട്ടറിയെ നിശ്ചയിക്കാൻ ചേർന്ന സിപിഎം ലോക്കൽ കമ്മിറ്റി യോഗമാണ് വാക്കുതർക്കത്തെ തുടർന്ന് കയ്യാങ്കളിയുടെ വക്കോളമെത്തിയത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഏരിയാകമ്മിറ്റി അംഗത്തിന് നൽകാനുള്ള മേൽ കമ്മിറ്റി തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചതോടെയാണ് അംഗങ്ങൾ ചേരിതിരിഞ്ഞത്. ഇതോടെ കമ്മിറ്റി അലങ്കോലപ്പെട്ടു നിർത്തിവച്ചു.
ഇതിനു ശേഷം ഏരിയാ കമ്മിറ്റി അംഗവും മുൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ മുരളി മടന്തകോടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യോഗം ചേർന്ന് പുതിയ ലോക്കൽ സെക്രട്ടറിയെ പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ വിഭാഗീയ പ്രവർത്തനത്തിന് നടപടി നേരിട്ട് ജില്ലാ കമ്മിറ്റിയിൽനിന്ന് ഏരിയാകമ്മിറ്റി അംഗമായി തരംതാഴ്ത്തപ്പെട്ടയാളാണ് മടന്തകോട് മുരളി.