തിരുവനന്തപുരം : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശ യാത്രയെക്കുറിച്ചുള്ള നിയമസഭാ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി വിവാദമാവുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിരവധി സ്വകാര്യ യാത്രകള്‍ നടത്തിയത് എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാൽ വിദേശ യാത്രയെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങളിൽ ശിവശങ്കർ നടത്തിയ യാത്രകളെ കുറിച്ച് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതായി രേഖകള്‍ തെളിയിക്കുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ നടത്തിയ വിദേശ യാത്ര സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് വിവാദമാവുന്നത്. പേഴ്സണൽ സ്റ്റാഫംഗങ്ങൾ സഞ്ചരിച്ച രാജ്യങ്ങള്‍, യാത്ര നടത്തിയവരുടെ പേരുവിവരങ്ങള്‍, അനുമതി നേടാതെ വിദേശയാത്ര നടത്തിയ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സാമ്പത്തിക സമാഹരണങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന കോണ്‍ഗ്രസ് അംഗം വി.പി സജീന്ദ്രന് എം.എല്‍.എയുടെ നിയമസഭാ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നടത്തിയ യാത്രകൾ പരാമർശിക്കാതെ മറുപടി നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആനന്ദകുമാര്‍ എന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മസ്കറ്റിലേക്ക് 2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ സ്വകാര്യയാത്ര മാത്രമാണ് മറുപടിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സമയത്ത് ശിവശങ്കര്‍ ഔദ്യോഗികവും സ്വകാര്യവുമായി നടത്തിയ നിരവധി യാത്രകളിൽ മിക്കതിലും ഔദ്യോഗിക പാസ്പോര്‍ട്ട് പോലും ഉപയോഗിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ യാത്ര നടത്തുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടണമെന്ന ചട്ടം ശിവശങ്കര്‍ ലംഘിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഐ.ടി വികസനത്തിന്റെ പേരിൽ ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളിൽ സ്വപ്നാ സുരേഷും ഒപ്പമുണ്ടായിരുന്നതായി ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിദേശത്തുവെച്ച് അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം ഏജന്‍സികളോട് പറഞ്ഞിട്ടുള്ളത്. നിയമസഭയിൽ രേഖാമൂലം ചോദിച്ചിട്ടും ശിവശങ്കറിന്റെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നാണ് അന്വേഷണ ഏജന്‍സികളുള്‍പ്പെടെ ഇപ്പോള്‍ പരിശോധിക്കുന്നത്.
https://youtu.be/lnnm3CKbKGM