ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തെ സന്ദര്‍ശിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ യാത്ര രാജ്യമൊട്ടാകെ ചര്‍ച്ചയായിരുന്നു. യാത്രയില്‍ ഇരുവര്‍ക്കും പിന്തുണയുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒത്തുകൂടിയത്. സമൂഹമാധ്യമങ്ങളും ഹാത്രസ് യാത്ര ഏറ്റെടുത്തു. എതിരാളികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലടക്കം രാഹുലും പ്രിയങ്കയുമായിരുന്നു താരം.
ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫറിലെ രംഗത്തോട് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഹാത്രസ് യാത്രയെ താരതമ്യം ചെയ്ത് പുറത്തിറക്കിയ വീഡിയോയാണ് തരംഗമായിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ പൊലീസ് വഴിയില്‍ തടയുന്നതും ‘വണ്ടി വിടാനല്ലെ തടസമുള്ളു നടന്നുപോകാമല്ലോ’ എന്ന് പറഞ്ഞ് തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം താരം നടന്ന് വരുന്നതുമായ രംഗമുണ്ട്. ‘റീല്‍ ആന്‍ഡ് റിയല്‍’ എന്ന പേരില്‍ ഈ രംഗത്തോടാണ് യാത്രയെ താരതമ്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ രംഗത്തിന് സമാനമായി തന്നെ തടഞ്ഞ പൊലീസ് സംഘത്തെ വകഞ്ഞുമാറ്റി പ്രവർത്തകർക്കൊപ്പം യാത്ര തുടരുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
രാജ്യമെങ്ങും ഹാത്രസിലെ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബി.ജെ.പിയ്ക്കും യു.പി സർക്കാരിനെതിരെയും തിരിഞ്ഞപ്പോൾ വിഷയത്തിൽ മികച്ച ഇടപെടലാണ് രാഹുൽ ഗാന്ധി നടത്തിയത്. രണ്ടാം തവണ പെൺകുട്ടിയുടെ കുടുംബത്തിനെ വലിയ പ്രതിഷേധങ്ങൾക്കിടയിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കാണാൻ കഴിഞ്ഞു. ശേഷം രാജ്യത്തിന്‍റെ മകള്‍ക്ക് നീതി ലഭിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിനും വലിയ പിന്തുണയാണ് ലഭിച്ചത്.